Saturday 4 July 2009

വ്യാജ ബ്ലോഗുകളില്‍ വഴുതി വീഴാതിരിക്കുക !

ബ്ലോഗര്‍ ചാണക്യന്റെ വ്യാജ നിര്‍മ്മിതമായ പ്രൊഫൈല്‍ പേജ് മുകളില്‍.
താഴെ ചാണക്യന്റെ ഒറിജിനല്‍ പ്രൊഫല്‍ പേജ്

അങ്ങിനെ ബ്ലോഗര്‍ ചാണക്യനും വ്യാജ ബ്ലോഗ് നിര്‍മ്മാതാവിന്റെ മനോവൈകല്യത്തിന്റെ ഇരയായിത്തിര്‍ന്നിരിക്കുന്നു. ഇ.എ.ജബ്ബാര്‍ മാഷുടെ ബ്ലോഗിന് വ്യാജ പ്രൊഫൈലുണ്ടാക്കിയതിനെത്തുടര്‍ന്ന് അതില്‍ പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ട് ബ്ലോഗ് അക്കാദമി പോസ്റ്റ് എഴുതിയതിനെത്തുടര്‍ന്ന് കേരള ബ്ലോഗ് അക്കാദമി എന്നപേരിലും വ്യാജബ്ലോഗുണ്ടാക്കി ബ്ലോഗ് അക്കാദമിയുടെ പ്രസ്തുത പോസ്റ്റില്‍ തന്നെ ആ വ്യാജ ഐഡിയില്‍ കമന്റെഴുതി തന്റെ ശക്തി പ്രകടനം നടത്താന്‍ ഈ ക്രിമിനല്‍ ഉപേക്ഷകാണിച്ചില്ല. എന്തായാലും തന്റെ താതരഹിതമായ സാന്നിദ്ധ്യം ബൂലോകം ശ്രദ്ധിച്ചു തുടങ്ങിയിരിക്കുന്നു എന്നതില്‍ അയാള്‍ ഇപ്പോള്‍ ഏറെ ആനന്ദിക്കുന്നുണ്ടായിരിക്കും.
സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് അന്യവ്യക്തിത്വങ്ങളിലൂടെ തന്റെ ബുദ്ധിവൈഭവം പ്രകടിപ്പിച്ച് അപകര്‍ഷതയില്‍നിന്നും മോചനം നേടാന്‍ ശ്രമിക്കുന്ന മനോവൈകല്യത്തോട് സഹതപിച്ചുകൊണ്ട് ,ഇത്തരം ക്രിമിനലുകള്‍ നഷ്ടപ്പെടുത്തുന്ന ബ്ലോഗറുടെ സല്‍പ്പേരും, സുരക്ഷിതത്വവും, എങ്ങിനെ സംരക്ഷിക്കാം എന്ന് നമുക്കാലോചിക്കേണ്ടിയിരിക്കുന്നു.

കൂടാതെ , നിലവില്‍ വ്യാജ ബ്ലോഗുകള്‍ സൃഷ്ടിക്കപ്പെട്ട ബ്ലോഗുകള്‍ ഏതൊക്കെയാണെന്നും ഒറിജിനലും വ്യാജനും തമ്മിലുള്ള വ്യത്യാസമെന്തെന്നും ബ്ലോഗര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്താനുള്ള ശ്രമം ബ്ലോഗര്‍മാരുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടിയിരിക്കുന്നു. പതിവില്‍നിന്നും വ്യത്യസ്ഥമായോ, തെറ്റിദ്ധാരണജനകമായോ ഏതെങ്കിലും ബ്ലോഗറുടെ കമന്റ് കാണുകയാണെങ്കില്‍ അതില്‍ സംശയം പ്രകടിപ്പിക്കാനും,ബ്ലോഗ്ഗറുടെ ഐഡിയും ബ്ലോഗും പരിശോധിക്കാനും ബ്ലോഗര്‍മാര്‍ ശ്രദ്ധവെക്കണമെന്ന്നും, ഉരുളക്കുപ്പേരി പോലുള്ള മറുപടി കമന്റെഴുതാതെ , ടി ബ്ലോഗറെ മെയില്‍ ഐഡിയില്‍ ഒന്നു ബന്ധപ്പെടാന്‍ ശ്രമിക്കുന്നതും ഉചിതമായിരിക്കും.
മാത്രമല്ല, ഈ വിഷയത്തിലെങ്കിലും അലസവും,തമാശയോടെയുള്ളതുമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തി കുറ്റവാളിക്കു കൂട്ടുനില്‍ക്കുന്ന വ്യക്തിത്വമില്ലായ്മയില്‍ വീണുപോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബ്ലോഗര്‍മാരോട് ബൂലോക സഹവര്‍ത്തിത്വത്തിന്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു.

കാരണം, വ്യാജബ്ലോഗ് നിര്‍മ്മിക്കുക എന്ന ഈ കുറ്റകൃത്യം ആള്‍മാറാട്ടമെന്നും , ചതി, വഞ്ചന, മോഷണം തുടങ്ങിയ
ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് തുല്യമായ ഒന്നാണെന്നും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. കുറ്റവാളി പിടിക്കപ്പെട്ടാലെ കുറ്റവാളിയാകുന്നുള്ളു എന്ന മനസാക്ഷിയില്ലാത്തവരുടെ നീതിശാസ്ത്രത്തില്‍ വിശ്വസിക്കുന്ന , അച്ഛനെ മാറ്റിപ്പറയുന്നതില്‍ അപാകതയൊന്നും തോന്നാത്ത , സാസ്ക്കാരികമായ വേരുകളില്ലാത്ത വികല വ്യക്തിത്വമാണ് ഈ കുറ്റകൃത്യത്തിനു പിന്നില്‍. ഈ കുറ്റവാളിയെ ലോകത്തിന്റെ ഏതുഭാഗത്തുനിന്നായാലും കണ്ടുപിടിച്ച് അയാള്‍ അര്‍ഹിക്കുന്ന നിയമപരമായ ചികിത്സ നല്‍കാനുള്ള ശ്രമങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനുള്ള ബാധ്യത മലയാളികള്‍ക്ക് എല്ലാവര്‍ക്കുമുണ്ട്.

അതുകൊണ്ടുതന്നെ “ആരാന്റെ അമ്മക്ക് പ്രാന്തായാല്‍ കാണാന്‍ നല്ല ചേല്” എന്ന രീതിയിലുള്ള അരാഷ്ട്രീയ കമന്റുകളോടെ ഈ ക്രിമിനലിനെ നിസാരവല്‍ക്കരിക്കാന്‍ നമുക്കു കഴിയില്ല. ഇതൊരു കുസൃതിയല്ല, മറിച്ച് ഒരു കുറ്റവാളിയുടെ മനോവൈകൃതങ്ങളാണ്. ചികിത്സ അനിവാര്യമായിരിക്കുന്നു !!

ഇത്തരം രോഗികളുടെ താല്‍ക്കാലികമായ ഈ ചൊറിച്ചിലിനെ നേരിടുന്നതിനായി കമന്റ് മോഡറേഷന്‍ ഏര്‍പ്പെടുത്തുന്നത് നന്നായിരിക്കും. ഈ വ്യാജപ്രശ്നത്തെ നേരിടുന്നതിനെക്കുറിച്ചുള്ള പ്രായോഗിക,സാങ്കേതിക,നിയമപരമായ അഭിപ്രായങ്ങള്‍ അറിയിച്ചുകൊണ്ടുള്ള മെയിലുകള്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ബ്ലോഗര്‍മാര്‍ക്കും,ബ്ലോഗറല്ലാത്തവര്‍ക്കും അറിയിക്കാവുന്നതാണ്.
അനില്‍@ബ്ലോഗിന്റെ പതിവുകാഴ്ച്ചകള്‍ ബ്ലോഗിലെ മുന്‍‌കൂര്‍ ജാമ്യാപേക്ഷകൂടി വായിക്കാവുന്നതാണ്.

7 comments:

Blog Academy said...

ഒന്നും മിണ്ടാതിരുന്നും ഈ പ്രശ്നം പരിഹരിക്കാവുന്നതാണെങ്കിലും,
പിന്നീട് സംസാരശേഷിതന്നെ നഷ്ടമാകുന്ന ഒരു തീരുമാനമാകും അതെന്നതിനാല്‍
കുറച്ച് ചര്‍ച്ചകള്‍ നടക്കട്ടെ എന്നശിക്കുന്നു.

ചിന്തകന്‍ said...

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കുന്നവര്‍ ഒരു തരത്തിലും ന്യായികരിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഇത്തരം കൃമിനലുകളെ ഒറ്റപ്പെടുത്തുന്നതിന് സര്‍വ്വ പിന്തുണയും രേഖപെടുത്തുന്നു.

അനില്‍@ബ്ലോഗ് // anil said...

മോഡറേഷന്‍ അത്ര നല്ല പരിപാടിയായി എനിക്കൊരിക്കലും തോന്നിയിട്ടില്ല, അത് ഒരു പരിഹാരവുമല്ല. ഇങ്ങനെ പേടിച്ച് ഓടാന്‍ തുടങ്ങിയാല്‍ എന്താവും സ്ഥിതി?

vahab said...

അനിലിന്റെ ബ്ലോഗില്‍ കൊടുത്ത അതേ കമന്റ്‌ ഇവിടെ പകര്‍ത്തുന്നു:-

വിഷയത്തിന്റെ മര്‍മ്മത്തിലേക്ക്‌ ആരും കടന്നില്ലെന്നു തോന്നുന്നു.

ഇ-മെയില്‍ സംവിധാനത്തില്‍ ഒരു യൂസര്‍ നെയിം ഒരാള്‍ റജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ പിന്നെ അതേ പേരില്‍ മറ്റൊന്ന്‌ സൃഷ്ടിക്കാന്‍ കഴിയാറില്ലല്ലോ. അതേപോലെതന്നെ, ബ്ലോഗറില്‍ ഒരു Display Name ഒരാള്‍ സെലക്‌റ്റ്‌ ചെയ്‌തുകഴിഞ്ഞാല്‍ പിന്നെ അതേപേരില്‍ മറ്റൊന്ന്‌ ക്രിയേറ്റ്‌ ചെയ്യാന്‍ കഴിയരുത്‌.

ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ നമുക്ക്‌ കൂട്ടത്തോടെ ഗൂഗിളിന്‌ ഒരു അപേക്ഷ കൊടുത്തുകൂടേ? അതിന്റെ ഫോര്‍മാലിറ്റീസ്‌ എന്താണ്‌? ഇത്‌ ചര്‍ച്ച ചെയ്യുകയാവും ഉചിതം.

നിലവില്‍ ഒരേ നാമം പലര്‍ക്കുമുണ്ടെങ്കില്‍ ആദ്യം റജിസ്റ്റര്‍ ചെയ്‌തയാളെ മാത്രം നിലനിര്‍ത്തി മറ്റുള്ളവ ഡിലീറ്റ്‌ ചെയ്യപ്പെടേണ്ടതുണ്ട്‌.

Google നടത്തിക്കൊണ്ടുപോകുന്നതും മനുഷ്യന്മാരാണല്ലോ. പറഞ്ഞാല്‍ മനസ്സിലാവും. അവരുടെ മുന്‍പില്‍ ഈ പ്രശ്‌നം എത്തിയിരിക്കണം. സംഘടിതമായ ഒരു സമ്മര്‍ദ്ദമാണ്‌ നമുക്കാവശ്യം. ഫലം കാണാതിരിക്കില്ല.

ഗൂഗിളില്‍ ജോലി ചെയ്യുന്ന വല്ലവരുമുണ്ടോ ബൂലോകത്ത്‌? ദയവായി അവര്‍ പ്രതികരിക്കണം.

Faizal Kondotty said...

ഈ വ്യാജ പ്രതിഭാസം പെട്ടെന്ന് തന്നെ ഇല്ലാതാകും എന്ന് പ്രതീക്ഷിക്കുന്നു ...ആവിശ്യത്തില്‍ കവിഞ്ഞ പ്രാധാന്യം ഒരു കമന്റിനും നല്‍കാതിരിക്കുക എന്ന് തന്നെ പ്രഥമവും പ്രധാനവും ആയ കാര്യം ,

ബയാന്‍ said...
This comment has been removed by the author.
ബയാന്‍ said...

ബ്ലോഗ് അക്കഡമിയുടെ അഡ്മിനിസ്റ്റ്രേറ്റീവ് ഉത്തരവാദിത്തം കൂടിവരികയാണോ. !

ഒരു രെജിസ്റ്റ്രേഡ് ബ്ലോഗ് അകാഡമിയും അതില്‍ റെജിസ്റ്റ്രേഷന്‍ സമ്പ്രദായവും അവര്‍ക്കു ഒരു അഗ്രഗേറ്ററും ഉണ്ടെങ്കില്‍ മുഖമില്ലാതെ സംസാരിക്കുന്നവരില്‍ നിന്നും മാറിനടക്കാനെങ്കിലും കഴിയുമായിരുന്നു.

ബ്ലോഗ് അക്കാഡമി ഒരു കൂട്ടായ്മയായി മാറുകയാണെങ്കില്‍ മുന്‍പത്തെ ‘പിന്മൊഴി’ ‘മറുമൊഴി’ കൂട്ടായ്മയും കൂട്ടപ്പൊരിച്ചിലും ഉണ്ടായപോലെ കുറേ റെജിസ്റ്റ്രേഡ് ബ്ലോഗ് അകാഡമിയും കുറെ അഗ്രഗേറ്ററും ഉണ്ടായിക്കൂടാനും വഴിയുണ്ട്.

നമ്മള്‍ അതായത് ഈ മലയാളത്തില്‍ എഴുതുന്നവരും വായിക്കുന്നവരും ഒരു വല്ലാത്ത സാധനം തന്നെ.

Translate